ഇടുക്കി: കേരളത്തിൽ ആം ആദ്മിയുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി സ്ഥാനാർത്ഥി ബീന കുര്യനെ കെജ്രിവാൾ അഭിനന്ദിച്ചു. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ആണ് വമ്പന്‍ അട്ടിമറി നടന്നത്. ബീന കുര്യൻ 4 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ബീന കുര്യന്‍റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് ബീന പിടിച്ചെടുത്തത്. ബീന കുര്യന്‍- 202, യുഡിഎഫിലെ സോണിയ ജോസ്- 198, എല്‍ഡിഎഫിലെ സതി ശിശുപാലന്‍- 27 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍. 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് രണ്ട്, ബിജെപി 1 എഎപി ഒന്ന് എന്ന നിലയാണ്. അതേസമയം ഉടുമ്പൻചോല പഞ്ചായത്ത് മാവടി വാർഡ് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർഥി അനുമോൾ ആന്റണി 273 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ ഡി എഫ് 12, യു ഡി എഫ് 2 എന്നാണ് നിലവിലെ കക്ഷി നില. സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ നേട്ടം കൊയ്തിട്ടുണ്ട്. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. ഫലം വന്നതില്‍ 14 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. എല്‍ഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ആം ആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകള്‍ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.
