കൊച്ചി: കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ ജീവനക്കാരുടെ വലിയ കുറവെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ കുറവ് മൂലം പല ഔട്ട് ലെറ്റുകളിലും കൗണ്ടറുകളുടെ എണ്ണം കുറച്ചു. സെൻട്രൽ സോണിൽ ചില ഔട്ട്ലെറ്റുകൾ ജീവനക്കാരില്ലാതെ അടച്ചിടേണ്ട അവസ്ഥയിലാണ്. കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതുമൂലം ഔട്ട് ലെറ്റുകൾക്കു മുന്നിൽ ജനം തിങ്ങിനിൽക്കുന്ന സ്ഥിതിയുണ്ട്. ചിലയിടങ്ങളിൽ സമയത്തിന് ഷോപ്പുകൾ അടയ്ക്കുന്നതിന് പോലും പറ്റാത്ത സ്ഥിതിയാണെന്ന് യൂണിയനുകൾ പരാതിപ്പെടുന്നു.
സെൻട്രൽ റീജണിൽ പട്ടിമറ്റം, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഔട്ട്ലെറ്റുകളിൽ കൗണ്ടറുകൾ ആളില്ലാത്തതിനാൽ അടച്ചു. സെൻട്രൽ സോണിൽ മാത്രം അഞ്ച് വെയർഹൗസുകളും 44 ഔട്ട്ലെറ്റുകളും മുപ്പതോളം പ്രീമിയം കൗണ്ടറുകളുമുണ്ട്. ഇവിടേക്കെല്ലാമായി അഞ്ഞൂറോളം ജീവനക്കാർ വേണം. ഇവിടെ മാത്രം ഇരുനൂറു ജീവനക്കാരുടെ കുറവുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ജീവനക്കാരുടെ ക്ഷാമം കൂടുതൽ. ഇവിടത്തെ ജീവനക്കാർക്ക് അത്യാവശ്യ സമയത്ത് ലീവ് പോലും എടുക്കാൻ കഴിയാത്തവിധം ജോലിഭാരമുണ്ട്.
പി എസ് സി നിയമനത്തിലൂടെ 353 ഓഫീസ് അസിസ്റ്റന്റുമാർ ബെവ്കോയിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇപ്പോഴത്തെ ആവശ്യം പരിഗണിക്കുമ്പോൾ നിയമിക്കുന്നവരുടെ എണ്ണം കുറവാണെന്ന് യൂണിയനുകൾ പറയുന്നു. എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളിൽനിന്ന് ആളുകളെ എടുക്കുന്നതും ഇപ്പോൾ നിലച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ ആളെ എടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ മാനേജ്മെന്റ്.
