തിരുവനന്തപുരം: കേരളത്തിന്റെ ജനകീയ നായകനും വിപ്ലവവീര്യവുമായ വി എസ് അച്യുതാനന്ദന് മറ്റന്നാൾ നൂറുവയസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗശയ്യയിലുള്ള വി എസ് കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കും. വീട്ടുകാർ ചേർന്ന് പതിവ് ഊണിനപ്പുറം നൂറാം പിറന്നാൾ ദിനത്തിലും മാറ്റമില്ലെന്ന് മകൻ അരുൺകുമാർ പറഞ്ഞു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-നായിരുന്നു ജനനം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ് 1940-ൽ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകനാണ് വിഎസ്. 2019-ലെ പുന്നപ്ര-വയലാർ അനുസ്മരണ പരിപാടിയായിരുന്നു വി എസ് പ്രസംഗിച്ച അവസാന പൊതുപരിപാടി.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വിഎസ് വഹിച്ചിട്ടുണ്ട്.