കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് മാർച്ച് 24 ലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷ്യൽ മജിഷ്ട്രേറ്റ് കോടതി നാലാണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി ഇന്ന് കോടതിയിൽ ഹാജരായില്ല. കഴിഞ്ഞ ഒക്ടോബർ 16 ന് കോടതിയിൽ നേരിട്ട് ഹാജരായ സുരേഷ് ഗോപി ജാമ്യ നടപടികൾ പൂർത്തിയാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവെച്ചു. ഈ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റി തൻ്റെ നീരസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പൊലീസ് ആക്ട് 119 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചിരുന്നു.