Kerala News

കേന്ദ്ര ബജറ്റിൽ മധ്യവർഗ ഉപഭോഗം പരിപോഷിപ്പിക്കാനുള്ള പ്രഖ്യാപനം; പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ

കേന്ദ്ര ബജറ്റിൽ മധ്യവർഗ ഉപഭോഗം പരിപോഷിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്കിൻ്റെ പണ നയ അവലോകന യോഗത്തിലേക്ക് ഉറ്റുനോക്കി രാജ്യം. അഞ്ച് വർഷത്തിനിടെ ആദ്യമായി കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനം. ഇതിലൂടെ നാല് വർഷത്തിനിടെയിലെ താഴ്ന്ന വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശക്തികാന്ത ദാസിന് ശേഷം ആർബിഐ ഗവർണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ പണ നയ യോഗമാണ് നാളെ ആരംഭിക്കുന്നത്. ഫെബ്രുവരി ഏഴ് വരെയാണ് യോഗം. വിപണിയിൽ ഇന്ത്യൻ രൂപയുടെ ഇടിവ് തടയാൻ യോഗം എന്ത് നടപടി സ്വീകരിക്കുമെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. നിലവിൽ ഡോളറിനെതിരെ 87 ലാണ് രൂപയുടെ നിലവാരം.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ റേറ്റ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലാണ് രാജ്യത്തെ പണനയം പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്. പണ വിതരണത്തിലും വായ്പയിലും പലിശ നിരക്കിലൂടെ റിസർവ് ബാങ്ക് ഇതിലൂടെ നിയന്ത്രണം സാധ്യമാക്കും. ഏറ്റവും അവസാനമായി 2023 ഫെബ്രുവരിയിൽ ചേർന്ന പണ നയ അവലോകന യോഗത്തിലാണ് പലിശ നിരക്ക് ഉയർത്തിയത്. അന്നത് 6.5 ശതമാനത്തിലേക്കാണ് ഉയർത്തിയത്. അതിന് ശേഷം കഴിഞ്ഞ 11 യോഗങ്ങളിലും പണ നയത്തിൽ മാറ്റം വരുത്തിയിരുന്നില്ല. അഞ്ച് വർഷത്തിനിടെ പലിശ നിരക്ക് ഉയർത്തിയതല്ലാതെ റിസർവ് ബാങ്ക് ഇത് താഴ്ത്തിയിരുന്നില്ല. വിപണിയിൽ ഉപഭോഗം വർധിപ്പിക്കാനുള്ള പരിശ്രമം കേന്ദ്രസർക്കാർ ബജറ്റിലൂടെ അവതരിപ്പിച്ചതിനാൽ ഇതേ നിലയിലുള്ള തീരുമാനമാകും റിസർവ് ബാങ്കും സ്വീകരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെ വന്നാൽ നിലവിലെ വായ്പാ തിരിച്ചടവുകളിലടക്കം ജനങ്ങൾക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കും.

Related Posts

Leave a Reply