Kerala News

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണം


കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും പൊലീസും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് വിമാനത്താവളത്തിന് പുറത്ത് സുരേഷ് ഗോപിയെ കാത്തുനിന്നത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു.

സുരേഷ് ഗോപി 10 മണിയോടെ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 9 മണിയോടെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പ് തുടങ്ങി. എം ടി രമേശ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിയെ വരവേല്‍ക്കാനായെത്തി. ഹാരമണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.

നാളെ അദ്ദേഹം തളി ശിവക്ഷേത്രം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 6.30 ഓടെയാകും മന്ത്രി സുരേഷ് ഗോപി ക്ഷേത്രത്തിലെത്തുക. അതിനുശേഷം അദ്ദേഹം മാരാര്‍ജി ഭവനിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.

Related Posts

Leave a Reply