കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് ചിലര്‍ക്ക് അഭിമാനമെന്നാണ് പരിഹാസം. ഇവരാണ് സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍. ബ്രാഹ്‌മണ പുരുഷന് ബ്രാഹ്‌മണ സ്ത്രീയിലുണ്ടാകുന്ന കുട്ടികളെ കുറിച്ചല്ല. കൂടുതലൊന്നും പറയുന്നില്ല. ഇതിനെയൊക്കെയാണ് ആര്‍ഷ ഭാരത സംസ്‌കാരം എന്ന് വിളിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയിലായിരുന്നു എം വി ഗോവിന്ദന്റെ പരിഹാസം. ഇന്ത്യയില്‍ നിന്ന് കുടിയേറിയവരെ അമേരിക്ക തിരിച്ചയച്ച സംഭവത്തില്‍ എം വി ഗോവിന്ദന്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇന്ത്യക്കാരെ അമേരിക്ക കയറ്റി തിരികെ അയക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി വിനീത ദാസന്‍ ആയി നോക്കി നില്‍ക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. കയ്യാമം വച്ച് ആളുകളെ കയറ്റി അയക്കുമ്പോള്‍ മോദിയ്ക്ക് മൗനമാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യക്കാരുടെ ശിരസ്സ് കുനിഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എ ഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ സ്വകാര്യ ഉടമസ്ഥതയിലായാല്‍ കോര്‍പറേറ്റുകള്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാകുകയെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ചൈന പോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ അവരുണ്ടാക്കുന്ന എഐ സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാക്കണം. എഐ സോഷ്യലിസത്തിന്റെ പാതയാണെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല. എഐയ്ക്ക് ബദലുകളുണ്ടാകണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.