ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ രാഷ്ട്രീയ മനസ് പരിശോധിക്കുമ്പോള്‍ വളരെ സുപ്രധാനമായ ഒരു ചോദ്യമാണ് കെ റെയിലിനൊപ്പമോ അല്ലയോ എന്നത്. വികസനവിരോധമെന്ന ആക്ഷേപങ്ങളും കുറ്റിപറിച്ചെറിയലും പ്രതിരോധവും രാഷ്ട്രീയ വിവാദങ്ങളും കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന വിശേഷണവുംനിറഞ്ഞ കെ- റെയില്‍ കാലം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വിസ്മരിക്കപ്പെടാനിടയില്ല. ഈ പശ്ചാത്തലത്തില്‍ 24 സംഘടിപ്പിച്ച ലോക്സഭാ മൂഡ് ട്രാക്കര്‍ അഭിപ്രായസര്‍വെയില്‍ ഇന്ന് ചോദിച്ച ബിഗ് ക്വസ്റ്റിയന്‍ കെ റെയിലിനെക്കുറിച്ചായിരുന്നു. കേരളത്തിന് കെ- റെയില്‍ വേണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനവും അഭിപ്രായപ്പെട്ടത്.
40 ശതമാനം കെ റെയില്‍ വേണ്ട എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കെ റെയില്‍ കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുമെന്ന് വിശ്വസിച്ച് വോട്ടുചെയ്തത് 30 ശതമാനമാണ്. 29 ശതമാനം പേര് പ്രത്യേകിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തിയില്ല.
ഇനി ഓരോ മേഖല തിരിച്ച് അഭിപ്രായങ്ങള്‍ പരിശോധിക്കുമ്പോള്‍ ട്രെന്‍ഡുകള്‍ ചെറിയ രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ട്. വടക്കന്‍ കേരളത്തിലെ 36 ശതമാനം പേര് കെ റെയിലിനെ അനുകൂലിക്കുമ്പോള്‍ 34 ശതമാനം പേര് എതിര്‍ക്കുന്നു. അഭിപ്രായമില്ലെന്ന് 30 ശതമാനം പേര് പറയുന്നു. മധ്യകേരളത്തില്‍ 24 ശതമാനം പേര് കെ റെയിലിനെ അനുകൂലിച്ചും 42 ശതമാനം പേര് എതിര്‍ത്തും അഭിപ്രായം രേഖപ്പെടുത്തി. നിഷ്പക്ഷരായി നില്ക്കാന് തീരുമാനിച്ചവര്‍ 34 ശതമാനമാണ്. തെക്കന്‍ കേരളത്തില്‍ 28 ശതമാനം പേര് കെ റെയിലിനെ അനുകൂലിക്കുമ്പോള്‍ 46 ശതമാനമാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അഭിപ്രായമില്ലാതെ 26 ശതമാനം പേരും നില്ക്കുന്നു. വടക്കന്‍ കേരളത്തിലെ ഒരു മാറ്റമൊഴിച്ചാല്‍ കെ റെയില്‍ വേണ്ടെന്ന അഭിപ്രായക്കാരാണ് കൂടുതല്‍ പേരും. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.
