Kerala News

കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞതവണ ഹർജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

നിർദേശത്തെ തുടർന്ന് മൊഴികൾ സംസ്ഥാനം സുപ്രീംകോടതിയിൽ ഹാജരാക്കി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലവും നൽകി. രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് കേസെടുത്തതെന്നാണ് കെഎം ഷാജിയുടെ വാദം. കോഴ നൽകിയിട്ടുണ്ടെന്ന് സ്‌കൂൾ മാനേജർ നൽകിയ ആദ്യ മൊഴിയിൽ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

2014ൽ അഴീക്കോട്‌ സ്‌കൂളിൽ പ്ലസ്‌ടു ബാച്ച്‌ അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ്‌ വിജിലൻസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. കേസ്‌ റദ്ദാക്കിയ കേരളാഹൈക്കോടതി ഉത്തരവിന്‌ എതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയാണ്‌ നിലവിൽ സുപ്രീംകോടതി പരിഗണിക്കുന്നത്‌.

Related Posts

Leave a Reply