കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യയുടെയും കോടഞ്ചേരി സ്വദേശി കമലയുടെയും കുടുംബത്തിന് 10 ലക്ഷം വീതം നൽകും.
പരിക്കേറ്റവരുടെ ചികിത്സ ചിലവും സർക്കാർ വഹിക്കുമെന്ന് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു. 26 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം സംഭവിച്ചത്. പുല്ലൂരാം പാറയിൽ ആണം അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകർത്ത് ബസ് കാളിയാംപുഴയിലേക്ക് മറിയുകയായിരുന്നു.
പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്‌മാൻ പറഞ്ഞു. സംഭവത്തിൽ അടിയന്തരമായി അന്വേഷണ റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു. കെഎസ്ആർടിസി സിഎംഡിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.