India News

കുവൈത്തിൽ നിന്ന് മുബൈ തീരത്തെത്തിയ  മത്സ്യബന്ധന ബോട്ട് പൊലീസ് പിടിച്ചെടുത്തു.

മുംബൈ: കുവൈത്തിൽ നിന്ന് മുബൈ തീരത്തെത്തിയ  മത്സ്യബന്ധന ബോട്ട് പൊലീസ് പിടിച്ചെടുത്തു. കന്യാകുമാരി സ്വദേശികളായ മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയ ഇവരുടെ കൈവശം ആയുധങ്ങളോ മറ്റ് സംശയകരമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുവൈത്തിലെ തൊഴിലുടമയുടെ പീഡനം കാരണം ബോട്ട് മോഷ്ടിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. 

കന്യാകുമാരി സ്വദേശികളായ ആന്റണി, നിദിഷോ ഡിറ്റോ, വിജയ് ആന്റണി എന്നിവരാണ് കുവൈത്തിൽ നിന്നെത്തിയ ബോട്ടിലുണ്ടായിരുന്നത്. ഇവരെ കൊളാബ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. കുവൈത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ഇവര്‍ അറിയിച്ച ബോട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറബിക്കടലിലൂടെ ഇന്ത്യൻ സമുദ്രാതിര്‍ത്തിയിലേക്ക് ഇവർ എത്തിച്ചേർന്ന സാഹചര്യം അധികൃതര്‍ പരിശോധിക്കുകയാണ്. 

കുവൈത്തിലെ ഒരു മത്സ്യബന്ധന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മൂന്നംഗ സംഘം അവിടെ തൊഴിലുടമയിൽ നിന്ന് ക്രൂരമായ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായെന്ന് ഇവര്‍ പറഞ്ഞു. ശമ്പളം നല്‍കിയിരുന്നതുമില്ല. മോശമായ തൊഴിൽ സാഹചര്യങ്ങളിൽ മുന്നോട്ട് പോകാനാവാതെ വന്നതോടെ അവസാന ആശ്രയമെന്ന നിലയ്ക്ക് തൊഴിലുടമയുടെ ബോട്ട് തന്നെ മോഷ്ടിച്ച് അതിൽ നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പാസ്‍പോര്‍ട്ട് തൊഴിലുടമ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

12 ദിവസം യാത്ര ചെയ്താണ് ഇന്ത്യൻ തീരത്തെത്തിയത്. പൊലീസ് സംഘം കണ്ടെത്തുമ്പോൾ ഇവര്‍ നാല് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. കൈവശമുണ്ടായിരുന്ന സാധനങ്ങളെല്ലാം തീര്‍ന്നിരുന്നു. ബോട്ട് സുരക്ഷിതമായി താജ് ഹോട്ടലിന് സമീപത്തേക്ക് മാറ്റി. സംശയകരമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം സംഭവത്തെ തുടര്‍ന്ന് സമുദ്ര സുരക്ഷാ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ബോട്ടിലെത്തിയവര്‍ ആയുധനങ്ങളോ മറ്റ് അപകടകരമായ വസ്തുക്കളോ കൊണ്ടുവന്നിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് പറയുമ്പോള്‍ തന്നെ ഇത്രയും ദൂരം രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കടന്ന് സഞ്ചരിച്ചിട്ടും ആരുടെയും ശ്രദ്ധയിൽപെടാത്തത് സുരക്ഷാ വീഴ്ചയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Related Posts

Leave a Reply