കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. 40 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ 11 പേര്‍ മലയാളികളാണ്. കുവൈത്തിലെ രക്ഷാപ്രവര്‍ത്തനവും സ്ഥിതിഗതികളും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈത്തിലെത്തും.
പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കേളു പൊന്മലേരി (51), കാസര്‍കോട് ചെര്‍ക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായര്‍, കൊല്ലം സ്വദേശി ഷമീര്‍, വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജന്‍ ജോര്‍ജ് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
195 പേരായിരുന്നു കെട്ടിടത്തില്‍ താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 50 ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.