കുന്നംകുളത്ത് നാലാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ധനം. കുന്നംകുളം ആർത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് സംഭവം നടന്നത്. സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ക്രൂരമായി മർദ്ധിച്ചത്. സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു അധ്യാപകൻ മർദ്ദിച്ചത്. ചെവിയിൽ പിടിച്ച് തൂക്കി നൂറ് മീറ്ററോളം കുട്ടിയെ വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചതിന് ശേഷം വടികൊണ്ട് ദേഹമാസകലം ക്രൂരമായി തല്ലുകയും, കൈകളിൽ ബലമായി നുള്ളി തൊലിയെടുക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പാളിന്റെ കൈയ്യിലുണ്ടായിരുന്ന വടി പൊട്ടുംവരെ കുട്ടിയെ മർദ്ധിച്ചെന്ന് മാതാപിതാക്കൾ പറയുന്നു. അവശനിലയിലായ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.അധ്യാപകനെതിരെ ജുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്തു.