തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് റിപ്പോര്‍ട്ട് വന്നത്. റിപ്പോര്‍ട്ട് പ്രകാരം രണ്ടു കുട്ടികളും ഒരേ ദിവസമല്ല മരിച്ചത്. എട്ടു വയസുകാരനായ അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. 16 വയസുള്ള സജികുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവത്തെ പഴക്കമാണുള്ളത്.
മൃഗങ്ങള്‍ ആക്രമിച്ച പാടുകളൊന്നും ശരീരത്തിലില്ല. തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍ നിന്ന് വീണതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. തേന്‍ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാമെന്നാണ് പൊലീസ് നിഗമനം. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. എന്നാലും ചില ചോദ്യങ്ങള്‍ ബാക്കിയാണ്.
കോളനിയില്‍ നിന്ന് ഏകദേശം ഒരു കിലോ മീറ്ററിനുള്ളിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കാണാനില്ല എന്ന് അറിഞ്ഞത് മുതല്‍ കോളനിവാസികള്‍ കാട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു. അപ്പോള്‍ കുട്ടികള്‍ അപകടത്തില്‍ പെട്ട് കിടക്കുന്നത് കണ്ടിരുന്നില്ല. വനവിഭവങ്ങള്‍ ശേഖരിക്കുന്ന സമയമാണ്. ആദിവാസികള്‍ മിക്കവറും കാട്ടില്‍ വിഭവങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയിലും കുട്ടികള്‍ പെട്ടില്ല എന്നത് സംശയത്തിനിടയാക്കുന്നുണ്ട്.
അപകടം നടന്ന ഉടനെ അരുണ്‍കുമാര്‍ മരിച്ചതായും പരുക്കേറ്റ സജി കുട്ടന്‍ പിന്നീട് മരിച്ചതാകാമെന്നുമാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഊരിലെത്തിച്ച് സംസ്‌കരിച്ചു.