India News

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.

ലഖ്‌നൗ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോക്‌സോ കേസില്‍ പ്രതിയായ സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് കോടതി നടപടിക്രമങ്ങളിലേക്ക് കടന്നു കഴിഞ്ഞാൽ പ്രതിയും വാദിയും തമ്മിലുള്ള ഒത്തുതീർപ്പ് പ്രസക്തമല്ലെന്നും നടപടിക്രമങ്ങൾ റദ്ദാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സമിത് ഗോപാലിൻ്റെ സിംഗിൾ ജഡ്ജി ബെഞ്ച് വ്യക്തമാക്കി. മൈനർ ആയ ഇര പിന്നീട് പ്രതിയുമായി ഒത്തുതീർപ്പിൽ ഏർപ്പെടുന്നത് പോക്‌സോ നിയമപ്രകാരമുള്ള നടപടികൾ റദ്ദാക്കുന്നതിന് അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെ അസംഗഢിലെ പോക്‌സോ പ്രത്യേക ജഡ്ജിക്ക് മുമ്പാകെ നടക്കുന്ന ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. സെക്ഷൻ 376 (ബലാത്സംഗം), 313 (സ്ത്രീകളുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) കൂടാതെ ഐപിസിയുടെ മറ്റ് വകുപ്പുകളും പോക്‌സോ നിയമത്തിലെ 3/4 വകുപ്പുകളും പ്രകാരം അസംഗഢ് ജില്ലയിലെ ബിലാരിഗഞ്ച് പൊലീസ് സ്റ്റേഷനിൽ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസ് പിൻവലിക്കണമെന്നും ഇരയുമായി ഒത്തുതീർപ്പിലായെന്നും ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയെ സമീപിക്കുകയായിരുന്നു. 2014 ലെ സുപ്രീം കോടതിയുടെ വിധിന്യായം പരാമര്‍ശിച്ചായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കൊലപാതകം, ബലാത്സംഗം, കൊള്ള മുതലായ ഹീനവും ഗുരുതരവുമായ കുറ്റകൃത്യങ്ങളിൽ ഒത്തുതീര്‍പ്പ് പോംവഴിയല്ല. ഇത്തരം കുറ്റകൃത്യങ്ങളെ വ്യക്തിപരമായ ഒന്നായി കാണാനാവില്ല. സമൂഹത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുന്ന കൃറ്റകൃത്യങ്ങളാണിവയെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സമിത് ഗോപാല്‍ വ്യക്തമാക്കി.

Related Posts

Leave a Reply