തിരുവനന്തപുരം: കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി തിരുവനന്തപുരം എസ്എടി ആശുപത്രി. അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് ദമ്പതിമാർക്ക് സമ്മാനിച്ചത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളെയും സമ്മാനിച്ചു.
ഹോർമോൺ ചികിത്സ, സർജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ (ഐസിഎസ്ഐ) തുടങ്ങി വൻകിട കോർപറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്എടി ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ആഗോളതലത്തിലേതുപോലെ 40 മുതൽ 50 ശതമാനം വരെ വിജയ ശതമാനം ഉയർത്താൻ എസ്എടി ആശുപത്രിക്കായിട്ടുണ്ട്. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകൾക്കായി ഐവിഎഫ് ലാബും ആൻഡ്രോളജി ലാബും നിലവിലുണ്ട്. കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.