Kerala News

കാസര്‍കോട് 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിലെ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കാസര്‍കോട്: കാസര്‍കോട് 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിലെ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട്ടെ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉൾപ്പെട്ട 7 അംഗ സംഘമായിരുന്നു ഹണിട്രാപ്പിന് പിന്നിൽ. ഇവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫൈസൽ ബലാത്സംഗ കേസിലെ പ്രതിയാണ്. മുഖ്യ സൂത്രധാരൻ ദിൽഷാദ് മോഷണ കേസിലെ പ്രതിയുമാണ്. അങ്ങനെ പല കേസുകളിൽ ഇവര്‍ പ്രതികളാണ്. ഇവർ മറ്റാരെയെങ്കിലും ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടോ എന്ന പരിശോധനയിലാണ് മേൽപ്പറമ്പ് പൊലീസ്.

കാസര്‍കോട് മാങ്ങാട് സ്വദേശിയായ 59 വയസുകാരനില്‍ നിന്ന് ദമ്പതികള്‍ അടക്കമുള്ള ഏഴംഗ ഹണിട്രാപ്പ് സംഘമാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. കെണിയില്‍പെടുത്തി ചിത്രീകരിച്ച നഗ്നദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇത്. അറസ്റ്റിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍, ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എംപി റുബീന എന്നിവര്‍ക്കെതിരെ 2022 ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് റുബീനക്കെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിലും കേസ്.

ഫൈസലാകട്ടെ ബലാത്സംഗ കേസിലും പ്രതി. 2021 ല്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്. കേസിലെ മുഖ്യ സൂത്രധാരനും മാങ്ങാട് സ്വദേശിയുമായ ദില്‍ഷാദിനെതിരെ ബേക്കല്‍ സ്റ്റേഷനില്‍ കളവ് കേസുണ്ട്. പരാതിക്കാരനില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു സംഘത്തിന്‍റെ ഗൂഡാലോചന. പടന്നക്കാടുള്ള റഫീഖിന്‍റെ വീട്ടിലെത്തിച്ച് 59 വയസുകാരനെ മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതില്‍ 58,000 രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ദിൽഷാദിന്‍റെ നിർദ്ദേശപ്രകാരം റുബീന വിദ്യാർഥിയാണെന്ന തരത്തില്‍ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചത് ലുബ്ന എന്ന വ്യാജപ്പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഫൈസല്‍, റുബീന, ദില്‍ഷാദ്, റഫീഖ് എന്നിവര്‍ക്ക് പുറമേ കാസർകോട് ഷിറിബാഗിലു സ്വദേശി എൻ സിദീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി എന്നിവരെയും മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം കൂടുതല്‍ പേരെ ഹണി ട്രാപ്പില്‍ പെടുത്തിയിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് അന്വേഷണ സംഘം. ഏഴ് പ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതികളെ മംഗളൂരു, പടന്നക്കാട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

Related Posts

Leave a Reply