കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ആരോപിച്ചു. സഹകരണ സംഘം പ്രസിഡന്റ് കെ സൂപ്പിക്കും ഇതില്‍ പങ്കുണ്ട്. സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സിപിഐഎം ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്.
തട്ടിപ്പിനെ കുറിച്ച് ജനുവരിയില്‍ തന്നെ ഭരണ സമിതിക്ക് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ആരോപിച്ചു. സെക്രട്ടറി മാത്രം വിചാരിച്ചാല്‍ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ആറു മാസം കൂടുമ്പോള്‍ ബാങ്കില്‍ പരിശോധന നടത്തണമെന്നാണ്. എന്നാല്‍, എല്ലാ പരിശോധനയും അട്ടിമറിച്ചിരിക്കുയാണ്. ഓഡിറ്റിങ്ങില്‍ വിവരം പുറത്ത് വന്നിട്ടും പ്രതിയ്ക്ക് രക്ഷപ്പെടാന്‍ പാര്‍ട്ടി സാഹചര്യം ഒരുക്കി.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തി സഹകരണ സംഘം സെക്രട്ടറി ഒളിവില്‍ പോയത്. സൊസൈറ്റി സെക്രട്ടറിയും സിപിഐഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പാര്‍ട്ടി രതീശനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.