വിവിധ രാഷ്്ട്രീയ പാര്‍ട്ടികളുടെ ഉന്നതര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് സഹായം ചെയ്യുന്നുവെന്നും ആരോപണം ഉന്നയിച്ച് ആയിരങ്ങളെ സാക്ഷിയാക്കി കരുത്തുകാട്ടി പി വി അന്‍വര്‍. തന്നെ ഉപദ്രവിക്കാന്‍ നോക്കിയാലും കാലുവെട്ടിയാലും വീല്‍ ചെയറില്‍ ഇരുന്ന് വരെ രാഷ്ട്രീയത്തിലെ ഈ നെക്‌സസിനെ കുറിച്ച് താന്‍ സംസാരിക്കുമെന്ന് പി വി അന്‍വര്‍ നിലമ്പൂരിലെ വേദിയില്‍ പറഞ്ഞു. ഒരു അന്‍വര്‍ ഇല്ലെങ്കില്‍ മറ്റൊരു അന്‍വര്‍ ഉണ്ടാകും. ജനങ്ങള്‍ തന്നോടൊപ്പം നിന്നാല്‍, മനുഷ്യര്‍ ഒന്നിച്ചാല്‍ ഈ നെക്‌സസ് തകര്‍ക്കാന്‍ സാധിക്കും. താന്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയായാല്‍ അതിനൊപ്പം ചേര്‍ന്ന് താന്‍ മുന്നില്‍ നില്‍ക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
വിപ്ലവ സൂര്യനെന്ന് വിളിച്ച് അത്യധികം ആവേശത്തോടെയാണ് ജനങ്ങള്‍ രണ്ടുമണിക്കൂറോളം നീണ്ട അന്‍വറിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയത്. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്നും പേടിച്ച് മാളത്തിലിരിക്കാന്‍ വേറെ ആളെ നോക്കണമെന്നും ജനങ്ങളെ സാക്ഷിയാക്കി അന്‍വര്‍ പറഞ്ഞു. എഡിജിപിയുടെ അനധികൃത സ്വത്തുക്കളെക്കുറിച്ചും ആര്‍എസ്എസ് കൂട്ടുകെട്ടിനെ കുറിച്ചും തെളിവുകള്‍ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ എഡിജിപിയെ സംരക്ഷിച്ചുവെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
കേരളം വെള്ളരിക്കാപ്പട്ടണം ആയെന്നും മാമി തിരോധനത്തിലും റിദാന്‍ വധക്കേസിലും ഉള്‍പ്പെടെ വീഴ്ചകളുണ്ടായെന്നും പൊലീസ് സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നുവെന്നും ഉള്‍പ്പെടെയുള്ള മുന്‍ ആരോപണങ്ങള്‍ അന്‍വര്‍ ഇന്നും ആവര്‍ത്തിച്ചു. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലിന് കസ്റ്റംസും കൂട്ടുനില്‍ക്കുന്നുണ്ടെന്നും കരിപ്പൂര്‍ വിമാനത്താവളം വഴി തട്ടിപ്പ് തുടങ്ങിയിട്ട് 3 വര്‍ഷമായെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.