Kerala News

കാറും ലോറിയും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

മാന്നാർ: കാറും ലോറിയും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.  ബുധനൂര്‍ വാര്‍ണേത്ത് നന്ദനത്തില്‍ പ്രസന്നന്റെ ഭാര്യ ജയശ്രീ (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 5.30ഓടെ എം.സി റോഡില്‍ മാന്തുകയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ജയശ്രീ ഇന്ന് രാവിലെ 9 മണിയോടെയാണ് മരിച്ചത്. 

ജയശ്രീയുടെ ഭര്‍ത്താവ് പ്രസന്നനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസന്നന്റെ വാരിയെല്ലിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തിരുവന്തപുരത്ത് നിന്നും ചെങ്ങന്നൂരില്‍ വരികയായിരുന്ന കാറും എതിരെ വന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു. 

വിദേശത്ത് എംബിബിഎസ് പഠനം നടത്തുന്ന മകള്‍ അജിപ്രിയ അവധിക്ക് എത്തിയപ്പോള്‍ തിരുവന്തപുരത്ത് നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമ്പോഴാണ് അപകടം. നിസാര പരിക്കുകളോടെ അജിപ്രിയയും മൂത്ത സഹോദരി അനുപ്രിയയും ആശുപത്രിയില്‍ ചികിത്സയിലാണ്. ജയശ്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കല്ലിശ്ശേരിയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസന്നന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമായിരിക്കും സംസ്‌കാരം നടക്കുക.

Related Posts

Leave a Reply