Kerala News

കാര്‍ മതിലില്‍ ഇടിച്ച് പ്രതിയുടെ ഇന്‍ഷൂറന്‍സ് ‘തിരക്കഥ’, തട്ടിയത് 36,000 രൂപ

വടകര: കോഴിക്കോട് വടകരയില്‍ ഒന്‍പതുവയസ്സുകാരി കോമയില്‍ ആവുകയും മുത്തശ്ശി മരണപ്പെടുകയും ചെയ്ത വാഹനാപകടത്തിലെ പ്രതി ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങിയെന്ന് പൊലീസ്. കാര്‍ മതിലില്‍ ഇടിച്ചതിന് ഫോട്ടോ തെളിവായി നല്‍കി 36,000 രൂപ ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്, ബംപര്‍ എന്നിവ മാറ്റി മോഡിഫിക്കേഷന്‍ വരുത്തുകയും ചെയ്തിരുന്നു.

അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തി ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കി അബോധാവസ്ഥയിലായ ദൃഷാനയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് പലഘട്ടങ്ങളിലായി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും ജില്ലാ ജഡ്ജിയും നിര്‍ദേശിച്ചിരിക്കെയാണ് പ്രതിയുടെ ഈ നീക്കം. കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയില്‍ ചോറോട് മേല്‍പ്പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ പരിക്കറ്റ ഒന്‍പതുകാരി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ലാത്തതായിരുന്നു പൊലീസിന് വലിയ വെല്ലുവിളി സൃഷ്ടിച്ചത്. വെള്ള കാറാണ് ഇടിച്ചത് എന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേരളപൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയിലേക്കും കാര്‍ കണ്ടെത്തുന്നതിലേക്കും എത്തിയത്.

അപകടം നടന്നയിടത്തും നിന്നും 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അഞ്ഞൂറോളം സ്‌പെയര്‍ പാര്‍ട്‌സ് കടകളും വര്‍ക്ക്‌ഷോപ്പുകളും 50,000ത്തോളം ഫോണ്‍കോളുകളും പൊലീസ് പരിശോധിച്ചിരുന്നു. 19,000ത്തോളം വാഹനങ്ങളും പരിശോധിച്ചു. ഇടിച്ച വാഹനം വടകര (കെ എല്‍ 18) പരിധിയില്‍ ഉള്ളതാണെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായിരുന്നു. പരിശോധന ഒരു ഏരിയയിലേക്ക കേന്ദ്രീകരിക്കുന്നതില്‍ ഇത് നിര്‍ണ്ണായകമായി.

അപകടത്തിന് കാരണമായത് സംസാരിക്കുന്നതിനിടയിലെ ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പൊലീസ് പറയുന്നത്. കാറില്‍ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ആയിരുന്നു കുട്ടികള്‍. അവര്‍ മുന്‍പിലേക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു. ആ സംഭാഷണത്തിലേക്ക് ശ്രദ്ധ പോയ സമയത്താണ് അപകടം ഉണ്ടായതെന്നും പൊലീസ് വിശദീകരിച്ചു.

മനപൂര്‍വ്വമായ നരഹത്യയ്ക്കാണ് പ്രതി ഷെജീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ യുഎഇയില്‍ ഉള്ള ഷെജീറിനെ ഉടന്‍ നാട്ടിലെത്തിക്കും. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്. പ്രതിയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Related Posts

Leave a Reply