മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെയ്ക്കാനാവില്ലെന്ന് ഗവർണർ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്ന് ഗവർണർ വ്യക്തമാക്കി. കര്യങ്ങൾ വിശദീകരിക്കാത്തത് ചട്ട ലംഘനമായി കണക്കാക്കുമെന്നും ഭരണഘടന ബാധ്യത നിറവേറ്റാത്തതായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം ആണ് നിറവേറ്റാൻ ശ്രമിച്ചതെന്ന് ഗവർണർ. മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവർത്തങ്ങളെകുറിച്ച് തനിക്കു അറിയണമെന്നും രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം തേടിയതെന്നും ഗവർണർ കത്തിൽ പറയുന്നു. ഗവർണർ നൽകിയ കത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഗവർണറുടെ അഭ്യർത്ഥന നിരസിച്ചത് ആശ്ചര്യപ്പെടുത്തിയെന്ന് കത്തിൽ പറയുന്നു.
ഗവർണറെ കാര്യങ്ങൾ ധരിപ്പിക്കാത്തതും ചീഫ് സെക്രട്ടറിയെ അതിന് അനുവദിക്കാത്തതും ആശ്ചര്യപ്പെടുത്തിയെന്ന് ഗവർണർ പറയുന്നു. കഴിഞ്ഞ മൂന്നു വർഷമായി മുഖ്യമന്ത്രി നടത്തുന്ന ദേശവിരുദ്ധ – സംസ്ഥാനവിരുദ്ധ സംബന്ധമായ പ്രസ്താവനകളിൽ വിശദീകരണം നൽകാത്തത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് എന്ന് സംശയിപ്പിക്കുന്നതെന്ന് ഗവർണർ ആരോപിച്ചു. നിരവധി തവണ സർക്കാരിനോട് ചോദിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതെന്ന് ഗവർണർ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഇക്കാര്യങ്ങൾ നിരവധി തവണ ചോദിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കുന്നു എന്ന മുഖ്യമന്ത്രിയുടെ കത്തിലെ പരാമർശം ദൗർഭാഗ്യകരമെന്ന് ഗവർണർ പറയുന്നു. സർക്കാരിൻറെ ദൈനംദിന കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടത് ഭരണഘടന ബാധ്യതയാണ്. സ്വർണ്ണ കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നത് അതീവ ഗൗരവതരമായ വിഷയമാണ്. സാങ്കേതികത്വം പറഞ്ഞ് നിസ്സാരവൽക്കരിക്കാവുന്ന ഒന്നല്ല അതെന്ന് ഗവർണർ കത്തിൽ വ്യക്തമാക്കുന്നു.