India News

കാമുകനൊപ്പം ജീവിക്കാൻ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം.

കച്ച്: കാമുകനൊപ്പം ജീവിക്കാൻ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാൻ ശ്രമിച്ചത്. തെരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീർത്തത്. എന്നാൽ ഒടുവിൽ യുവതിയും കാമുകനും പൊലീസിന്റെ പിടിയിലായി. ​ഗുജറാത്തിലെ കച്ചിലാണ് കൃത്യം നടന്നത്.

റാമി കേസരിയ, അനിൽ ​ഗങ്കാൽ എന്നിവരാണ് ശനിയാഴ്ച പൊലീസ് പിടിയിലായത്. ജൂലൈയിലാണ് ഇരുവരും ചേർന്ന് ഭിക്ഷാടകരെ കൊലപ്പെടുത്തിയത്. ഭിക്ഷാടകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജൂലൈ അഞ്ചിന് യുവതിയുടെ ഭർത്താവിന്റെ വീടിന് സമീപത്തുകൊണ്ടിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു.

മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കത്തിയെരിഞ്ഞ മൃതദേഹത്തിന് സമീപം റാമി തന്റെ മൊബൈൽ ഫോണും ചെരുപ്പും ഉപേക്ഷിച്ചു. കൊലപാതകം ചെയ്തതിന്റെ കുറ്റബോധത്തിൽ റാമി സെപ്റ്റംബർ 29 ന് തന്റെ പിതാവിനെ ചെന്നുകണ്ട് സത്യങ്ങളെല്ലാം പറഞ്ഞു. പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതോടെ പൊലീസ് റാമിയെയും അനിലിനെയും കണ്ടെത്തി പിടികൂടുകയായിരുന്നു.

തന്റെ വിവാഹത്തിൽ സംതൃപ്തയല്ലാതിരുന്ന റാമി, അനിലിനെ വിവാഹം ചെയ്യാൻ ഒരേ ഒരു മാർ​ഗം താൻ മരിച്ചതായി വരുത്തിത്തീർക്കലാണെന്ന് കരുതിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നേരത്തേ വിവാ​ഹിതരായതിനാൽ റാമിയുടെയും അനിലിന്റെയും വിവാ​ഹം നിലനിൽക്കില്ല. റാമിയും അനിലും ചേർന്ന് കൊലപ്പെടുത്തിയത് ഭാരത് ഭാട്ടിയ എന്നയാളെയാണെന്ന് പിന്നീട് കണ്ടെത്തി. ഭാട്ടിയയുടെ സഹോദരനാണ് ഇയാളെ തിരിച്ചറിഞ്ഞത്.

Related Posts

Leave a Reply