വാഷിങ്ടൺ: കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗഡിലൂടെയാണ് ട്രംപ് ഭൂപടം പങ്കുവെച്ചിരിക്കുന്നത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പോസ്റ്റുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ‘ഓ കാനഡ!’ എന്ന ക്യാപഷനോട് കൂടിയാണ് ട്രംപ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ട്രംപിൻ്റെ പോസ്റ്റിൻ്റെ ഉള്ളടക്കത്തെ എതിർത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രംഗത്തു വന്നിട്ടുണ്ട് . പോസ്റ്റിൽ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേർതിരിച്ചു കാണിക്കുന്ന ഒരു ഭൂപടമാണ് ലിബറൽ പാർട്ടി പങ്കുവെച്ചിരിക്കുന്നത്. ആശയക്കുഴപ്പമുളളവർക്കായി (For anyone who may be confused) എന്ന ക്യാപ്ഷനോട് കൂടി യാണ് ലിബറൽ പാർട്ടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
കാനഡയെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ എതിർന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും രംഗത്തെത്തിയിരുന്നു. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രാധാന്യവും ട്രൂഡോ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും തൊഴിലാളികൾ തമ്മിൽ സുരക്ഷിതമായ വ്യാപര ബന്ധമുണ്ട്. തൊഴിലാളികൾക്കും കമ്മ്യൂണിറ്റികൾക്കും അതിലൂടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ട്രൂഡോ എക്സിൽ കുറിച്ചു. കാനഡയെക്കുറിച്ചുള്ള പൂർണമായ ധാരണയില്ലായ്മയാണ് ട്രംപ് തൻ്റെ പരാമർശങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും പ്രതികരിച്ചു.
‘കാനഡയിലുളള നിരധി ആളുകളാണ് 51-ാമത്തെ സംസ്ഥാനം ഇഷ്ടപ്പെടുന്നത്. കാനഡയിൽ തുടരേണ്ട വ്യാപാരകമ്മികളും സബ്‌സിഡികളും അമേരിക്കയ്ക്ക് ഇനി അനുഭവിക്കാൻ കഴിയില്ല.അമേരിക്കയ്ക്ക് ഇനി അനുഭവിക്കാൻ കഴിയില്ല. അതിനാലാണ് അദ്ദേഹം രാജിവെച്ചത്. കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല. നികുതികളും കുറയും. കൂടാതെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് കാനഡയെ പൂർണ്ണമായും സംരക്ഷിക്കും. ഒരുമിച്ച് നിന്നാൽ എത്ര മഹത്തായ രാഷ്ട്രമായിരിക്കുമെന്നും’ തന്റെ ട്രൂത്ത് അക്കൗണ്ടിൽ ട്രംപ് കുറിച്ചിരുന്നു.
ഒന്നാം ട്രംപ് സര്‍ക്കാരിന്റെ (2017-2021) കാലത്ത് ട്രൂഡോയും ട്രംപും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. 2024 നവംബർ അഞ്ചിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ച നടത്തിയ സമയത്തും വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. പിന്നീട് പലതവണ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഒൻപത് വർഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ചയാണ് രാജിവെച്ചത്. ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ട്രൂഡോയുടെ രാജി. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.