Kerala News Top News

കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ച സംഭവം: വയനാട് ഇന്ന് എൽഡിഎഫ്, യുഡിഎഫ്, ബിജെപി ഹർത്താൽ

കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ വയനാട്ടിൽ ജനരോഷമിരമ്പുന്നു. വന്യജീവി ആക്രമണത്തിൽ ജനരോഷം വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് മുന്നണികളും ഹർത്താൽ നടത്തുന്നത്. കുറുവയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇക്കോ ടൂറിസം താല്‍ക്കാലിക ജീവനക്കാരന്‍ പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം രാവിലെ പുല്‍പ്പള്ളിയില്‍ എത്തിക്കും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം. നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ തുടങ്ങി.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് പോളിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് 3.25നാണ് പോളിന്റെ മരണം സ്ഥിരീകരിച്ചത്.

വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു പോള്‍. വനസംരക്ഷണ സമിതിയുടെ കീഴില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന പ്രദേശമാണ് കുറുവാ ദ്വീപ്. അഞ്ച് ദിവസമായി കുറുവാദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. കുറുവാദ്വീപിലെത്തുന്ന സഞ്ചാരികളെ തിരിച്ചുവിടാനാണ് പോള്‍ രാവിലെ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ കാട്ടാന എത്തുകയും പോളിനെ ആന ചവിട്ടിവീഴ്ത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ പുറത്ത് കാര്യമായ പരുക്കുകള്‍ കാണാത്തതിനാല്‍ പോളിന് ഈ ആക്രമണത്തെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.

Related Posts

Leave a Reply