തിരുവനന്തപുരം: കാട്ടാനകളെ അകറ്റാന്‍ വനാതിര്‍ത്തികളില്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരടികള്‍ ഇല്ലാത്ത മേഖലകളിലാകും തേനീച്ചകളെ വളര്‍ത്തുക. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വന്യജീവി പ്രശ്‌നത്തില്‍ കൂടുതല്‍ പരിഹാര നടപടികള്‍ തീരുമാനിച്ചത്. കാട്ടാന ശല്യം കുറയ്ക്കാന്‍ തേനീച്ചകളെ വളര്‍ത്തുന്ന പദ്ധതിയാണ് തീരുമാനങ്ങളില്‍ പ്രധാനം.