കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതെന്നും മൂന്നിടത്ത് പൊട്ടിത്തെറി ഉണ്ടായിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. 2000 ത്തോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. സ്‌ഫോടന സാധ്യതയുള്ള വസ്തുക്കളൊന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രാഥമിക വിവരങ്ങള്‍ പൊലീസും പങ്കുവച്ചിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ സ്ഥലത്തെത്തും.
ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഒന്നും ഹാളിലുണ്ടായിരുന്നില്ലെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അടക്കമെത്തി പൊട്ടിത്തെറിയുടെ കാരണം പരിശോധിക്കുകയാണ്. പല സഭകളില്‍ നിന്നെത്തിയ യഹോവ സാക്ഷികളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. യഹോവ സാക്ഷികളുടെ മൂന്ന്ദിന കണ്‍വെന്‍ഷന്റെ അവസാനദിവസമായിരുന്നു ഇന്ന്.