Kerala News

കല്ലടിക്കോട് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഖബറടക്കം ഇന്ന് നടക്കും.

പാലക്കാട്: കല്ലടിക്കോട് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഖബറടക്കം ഇന്ന് നടക്കും. പുലര്‍ച്ചെ അഞ്ച് മണിയോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ആറോടെ വീടുകളിലെത്തും. രണ്ട് മണിക്കൂറോളം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും.

തുടര്‍ന്ന് 08.30 ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. പത്ത് മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ച ശേഷം ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും. ഉറ്റസുഹൃത്തുക്കള്‍ക്ക് ഇവിടെ ഒരുമിച്ച് അന്ത്യവിശ്രമമൊരുക്കും. അതേസമയം, കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച ആതിനാലും നാല് മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് സ്‌കൂളിലെ പൊതുദര്‍ശനം വേണ്ടെന്നുവെച്ചതെന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ അറിയിച്ചത്.

സ്ഥിരം അപകടം നടക്കുന്ന കല്ലടിക്കോട് പനയമ്പടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്ന് വൈകിട്ട് 3.45നാണ് സംഭവം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീഖ്-സജീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം-നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം-ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍ എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts

Leave a Reply