വഴിക്കടവ്: മലപ്പുറത്ത് പീഡനക്കേസിൽ പിടിയിലായ യുവാവ് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പിടിയിലായ തമിഴ്നാട് സ്വദേശി മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ സഞ്ജയ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഞ്ജയ്യെ മലപ്പുറം ജില്ലയിസെ എടവണ്ണയിൽ നിന്ന് അറസ്റ്റിലാകുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് പെൺകുട്ടിയുമായി അടുത്തത്.
പെൺകുട്ടിയെ വീട്ടിൽ നിന്നും നിർബന്ധിച്ച് വിളിച്ചിറക്കിയ യുവാവ് കഴിഞ്ഞ ദിവസം എടവണ്ണയിലുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തി. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവ് കുടുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്ത്.
വിശദമായി മൊഴിയെടുത്ത ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഞ്ജയും കുടുംബം രണ്ട് വർഷം മുൻപ് റബ്ബർ ടാപ്പിംഗ് ജോലിക്കായി മലപ്പുറം ജില്ലയിലെ വഴിക്കടവിലെത്തിയതാണ്. പ്രതിയെക്കുറിച്ച് ഗൂഡല്ലൂരിൽ അന്വേഷണം നടത്തിയതിൽ നിന്ന് നേരത്തെ രണ്ട് മോഷണ കേസ്സിൽ ഇയാൾ പ്രതിയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി.