കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും അക്കൗണ്ടൻറ് സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കലൂരിലെ പി എം എൽ എ കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കാനിരിക്കെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, ഇരുവരും കേസിലെ പ്രധാന പ്രതികളാണെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി കോടതിയെ അറിയിച്ചേക്കും. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. വടക്കഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരം, സി കെ ജിൽസിന്റെ ഭാര്യ ശ്രീലത എന്നിവരെ ഇ ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സി. ഈ മാസം 31ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍.
കേസുമായി ബന്ധപ്പെട്ട് എംകെ കണ്ണനെയും എ സി മൊയ്തീയും ഉള്‍പ്പെടെയുള്ളവരെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. എം കെ കണ്ണനിലേക്കുള്ള അന്വേഷണം അടുത്ത ഘട്ടത്തിലുണ്ടാകുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം കേസിലെ കള്ളപ്പണം ഇടപാടില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം ആര്‍ ഷാജന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.
പ്രതികള്‍ ബാങ്കില്‍ സാമ്പത്തിക പാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍.
ബാങ്ക് തട്ടിപ്പില്‍ നഷ്ടമായ പണം ലഭിക്കാന്‍ നിക്ഷേപകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം. അതേസമയം നിക്ഷേപകര്‍ നിയമനടപടി സ്വീകരിച്ചാല്‍ സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍ സെല്‍ വ്യക്തമാക്കി.