Kerala News

കരുവന്നൂർ ബാങ്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി; നന്ദി പറഞ്ഞ് ജോഷി ആന്റണി

നിക്ഷേപത്തുക മടക്കി നൽകാനുള്ള ഇടപെടൽ ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനും നന്ദി പറഞ്ഞ് കരുവന്നൂരിലെ നിക്ഷേപകൻ ജോഷി ആന്റണി. പണം മടക്കി നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ജോഷിയുടെ ജീവിതം. ഇതിനു പിന്നാലെ സഹകരണ മന്ത്രി വി എൻ വാസവൻ ഇടപെട്ട് ജോഷിയുടെ 28 ലക്ഷം രൂപ മടക്കി നൽകുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ തൻ്റെ പേരിലുള്ള നിക്ഷേപം മടക്കി ലഭിച്ചത് ആശ്വാസമെന്നും ജോഷി ആൻറണി പറഞ്ഞു. അതേസമയം കുടുംബാംഗങ്ങളുടെ പണം മടക്കി നൽകുന്ന തീയതി സംബന്ധിച്ച തീരുമാനം ഇന്ന് ബാങ്ക് അധികൃതർ അറിയിക്കും. കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾ അനുഭവിക്കേണ്ടി വന്നയാളാണ് 53കാരനായ ജോഷി. കുടുംബത്തിൻറെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോൾ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോൾ സിപിഎം നേതാക്കൾ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ ജോഷി പറഞ്ഞത്. വിഷയത്തിൽ നവകേരള സദസ്സിലും ജോഷി പരാതി നൽകിയിരുന്നു. പ്രതിസന്ധികൾ മറികടന്നു താനും കുടുംബവും തിരികെപ്പിടിച്ച ജീവിതവും സമ്പാദ്യവുമാണ് കരുവന്നൂർ ബാങ്കും ജീവനക്കാരും കേരളത്തിന്റെ ഭരണ സംവിധാനവും കൂടി തകർത്തതെന്നു ജോഷി കത്തിൽ ആരോപിച്ചിരുന്നു.

Related Posts

Leave a Reply