തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി കെ ബിജു ഇന്ന് വീണ്ടും ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ ഇത് മൂന്നാം തവണയാണ് പി കെ ബിജുവിനെ ചോദ്യം ചെയ്യുന്നത്. ഇതിന് മുൻപ് ഏപ്രിൽ നാലിനും എട്ടിനുമാണ് പി കെ ബിജുവിനെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് പണമിടപാട് ഉണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലുമായി കഴിഞ്ഞ രണ്ടു തവണയും പി കെ ബിജു സഹകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെയും പി കെ ബിജുവിനൊപ്പം ചോദ്യം ചെയ്തിരുന്നു.