കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനും ബാങ്ക് ജീവനക്കാരൻ സി കെ ജിൽസിനും ജാമ്യം. ഹൈക്കോടതിയാണ് രണ്ട് പ്രതികൾക്കും ജാമ്യം നൽകിയത്. രണ്ട് പേർക്കും ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ കൂടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇരുവരുടെയും ജാമ്യഹര്‍ജി പലവട്ടം ഹൈക്കോടതി തള്ളിയിരുന്നു.
കർശന ഉപാധികളോടെയാണ് ജാമ്യം. 2023 സെപ്റ്റംബർ 27 മുതൽ ഇരുവരും ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. 334 കോടി രൂപ വെളുപ്പിച്ചെന്ന ഇഡി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. കരുവന്നൂർ സഹകരണ ബാങ്കിലെ എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.
അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി വായ്പകൾ വഴി ലഭിച്ച പണം ആണെന്നുമാണ് ഇഡി പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വിൽപന നടത്തിയിരുന്നുവെന്നും ഇഡി ആരോപിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ എന്നിവരും അറസ്റ്റിലായിരുന്നു. അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഈ വർഷം ജൂണിൽ അരവിന്ദാക്ഷന് ഹൈക്കോടതി 10 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.