കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ആര്‍ അരവിന്ദാക്ഷന്‍, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ജില്‍സിന്റേയും ഭാര്യയുടേയും 30 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. ജില്‍സന്റെ മൂന്നു വസ്തുവകകളാണ് കണ്ടുകെട്ടിയത്. സതീഷ് കുമാറിന്റെ ഒരു കോടി രൂപയും 46 അക്കൗണ്ടുകളും കണ്ടുകെട്ടി. സതീഷ് കുമാറിന്റെയും ഭാര്യയുടെയും 24 വസ്തുക്കള്‍ കണ്ടുകെട്ടി. പി. ആര്‍ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളാണ് ഇ.ഡി കണ്ടുകെട്ടിയത്. അരവിന്ദാക്ഷന് എസ്ബിഐയില്‍ 66,75,900 രൂപയുടേയും പെരിങ്ങണ്ടൂരില്‍ 1.02 കോടിയുടേയും ഇടപാടുള്ളതായി ഇ ഡി മനസിലാക്കിയിട്ടുണ്ട്. പ്രതികള്‍ ബിനാമി ലോണ്‍ തരപ്പെടുത്തിയ 31 പേരില്‍ നിന്നും സ്വത്തുവകകള്‍ കണ്ടുകെട്ടി. ബിനാമികളുടേത് ഉള്‍പ്പെടെ ആകെ 57.75 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ബിനാമികളുടേത് ഉള്‍പ്പെടെ 177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടി. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കള്‍.