Kerala News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചെന്ന സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. അരവിന്ദാക്ഷന്റെ മൊഴി എടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. അതേസമയം തിടുക്കപ്പെട്ട നടപടികളിലേക്ക് പൊലീസ് കടന്നേക്കില്ല. കേന്ദ്ര ഏജന്‍സിയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട എന്ന നിലപാട് വിഷയത്തില്‍ പൊലീസിനുണ്ട്. സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ മര്‍ദിച്ചുവെന്ന ആരോപണം തള്ളി കൊച്ചി ഇ ഡി യൂണിറ്റ് തന്നെ രംഗത്തെത്തുകയും ചെയ്തു. സാധാരണ രീതിയിലുള്ള ചോദ്യംചെയ്യലാണ് നടന്നത്. എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ടെന്നും ഇഡി ഓഫീസില്‍ പൊലീസ് എത്തിയതില്‍ അതൃപ്തിയുണ്ടെന്നും ഇ ഡി. ഇ ഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷന്‍ ഉന്നയിച്ചത്. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചന്നാണ് അരവിന്ദാക്ഷന്റെ പരാതി. ഇഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് കൈയ്യിലും മുതുകിലും അടിച്ചുവെന്ന് അരവിന്ദാക്ഷന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പില്‍ ഇപി ജയരാജന്റെയും കെ രാധാകൃഷ്ണന്റെയും എ സി മൊയ്തീന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മകളുടെ വിവാഹ നിശ്ചയദിവസം വീട്ടില്‍ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

Related Posts

Leave a Reply