കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയേ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതി ജയചന്ദ്രൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയിൽ ആയതിനാൽ നിയമ നടപടികൾക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും.
നവംബർ ആറാം തിയതി മുതൽ കാണാതായ യുവതിയെ അമ്പലപ്പുഴയിൽ വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആയിരുന്നു കൊലപാതകം. ജയചന്ദ്രന്റെ വീടിനു സമീപത്ത് നിന്ന് കുഴിച്ചെടുത്ത മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. വിജയ ലക്ഷ്മിയുടെ ഒഡീഷയിലുള്ള സഹോദരൻ എത്തിയ ശേഷം കൊല്ലം കുലശേഖരപുരത്തെ വീട്ടിൽ സംസ്കരിക്കും.
കേസിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഴീക്കൽ ഹാർബറിൽ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മിൽ പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേർപെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകയ്ക്ക് താമസിക്കുകയാണ് വിജയലക്ഷ്മി. യുവതിമായി കഴിഞ്ഞ രണ്ടര വർഷമായി ജയചന്ദ്രന് അടുപ്പമുണ്ട്. വിജയ ജയലക്ഷ്മിയേ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെന്നും ഇരുവരും തമ്മിൽ പലവിധ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു ജയചന്ദ്രന്റെ കുടുംബം പറയുന്നു.
വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നു. പണം അടക്കം വാങ്ങി വിജയ ലക്ഷ്മി തന്നെ കബളിപ്പിക്കുകയാണ് എന്ന സംശയം ജയചന്ദ്രനുണ്ടായിരുന്നു. അയൽ വാസികളോടും സുഹൃത്തുക്കളോടും അടുപ്പം സൂക്ഷിക്കാത്ത പ്രതി അരുംകൊല നടത്തിയതിൻ്റെ ഞെട്ടലിലാണ് നാട്.