കൊല്ലം കരുനാഗപ്പള്ളയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജാഥയ്ക്കിടെയാണ് പോർവിളിയും കൈയ്യാങ്കളിയും ഉണ്ടായത്.
കഴിഞ്ഞ ദിവസം യുഡിഎഫിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളയിൽ ഒരു പദയാത്ര സംഘടിപ്പിച്ചിരുന്നു. ജില്ലയിൽ മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതിന് പിന്നാലെ ഉടലെടുത്ത തർക്കങ്ങൾക്കിടെയാണ് പദയാത്ര സംഘടിപ്പിച്ചത്. യുഡിഎഫ് നേതാക്കളും യാത്രയിൽ പങ്കെടുത്തു.
ഈ തർക്കങ്ങളുടെ തുടർച്ചയാണ് പോർവിളിയിലേക്കും കൈയ്യാങ്കളിയിലേക്കും നയിച്ചത്. പദയാത്ര ആലുംകടവിലേക്ക് എത്തുംമുമ്പ് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് പോർവിളി നടത്തുകയായിരുന്നു. പിന്നീട് കാര്യങ്ങൾ കൈയ്യാങ്കളിയിലേക്ക് നീങ്ങി. പ്രവർത്തകർ ഇടപെട്ട് നേതാക്കളെ പിരിച്ചുവിട്ടു.
അതിനിടെ സി.ആർ മഹേഷ് എംഎൽഎ രാജിഭീഷണി മുഴക്കിയതായി കോൺഗ്രസ് ക്യാമ്പിൽ നിന്ന് വിവരമുണ്ട്. സി.ആർ മഹേഷ് നിർദ്ദേശിച്ച പേരുകളെയൊന്നും മണ്ഡലം പ്രസിഡന്റുമാരായി പരിഗണിക്കാത്തതാണ് കാരണം.