Kerala News

കരിപ്പൂർ കള്ളക്കടത്ത് സ്വർണം പൊലീസ് മുക്കുന്നു; പി വി അൻവർ എംഎൽഎ

പി ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി എഴുതി നൽകുമെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ പി.ശശിയുടെ പേര് പറഞ്ഞിട്ടില്ല, പി ശശിയെക്കുറിച്ചുള്ള പരാതി പാർട്ടി സെക്രട്ടറിക്ക് എഴുതി കൊടുത്തിട്ടില്ല, ഇനി നൽകും. ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അൻവർ പറഞ്ഞു.എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിൻ്റെ മരണത്തിൽ പൊലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിവി അൻവർ പറഞ്ഞു.

റിദാൻ ബാസിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതുമായി ഒരുപാട് ദുരൂഹമായ ചർച്ചകൾ നാട്ടുകാരിലും പൊലീസുകാരിലും ഉണ്ടായിരുന്നു. കരിപ്പൂരിലെ കള്ളക്കടത്തുമായി റിദാൻ ബാസിലിന് ചില ബന്ധമുണ്ടായിരുന്നു. അയാളുടെ കൈയ്യിലുള്ള ഫോൺ കൈക്കലാക്കാൻ എത്തിയ സംഘം സംഘർഷത്തിനിടെ റിദാനെ കൊലപ്പെടുത്തിയതെന്നാണ് താൻ സംശയിക്കുന്നത്. ഇതിന് പിന്നിൽ പൊലീസിന് പങ്കുണ്ട്.

ക്രിമിനൽ പശ്ചാത്തലമുള്ള എസ്‌പിയാണ് മലപ്പുറത്തെന്നും എഡിജിപി അജിത്ത് കുമാറാണ് അദ്ദേഹത്തെ അവിടെ വാഴാൻ അനുവദിക്കുന്നതെന്നും മനസിലാക്കി. രാത്രി പത്ത് മണി കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകൾക്ക് പ്രവർത്തനാനുമതി നൽകാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്.

പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനാണ് പൊലീസ് ഈ ഉത്തരവിറക്കിയത്. കരിപ്പൂർ കള്ളക്കടത്തിൻ്റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു. പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. കരിപ്പൂരിൽ പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

Related Posts

Leave a Reply