കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡുകള്‍ കയര്‍ കെട്ടി പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ നിയന്ത്രണമേറ്റെടുത്തു. അതിനിടെ പൊലീസിന്റെ ജലപീരങ്കിയിലെ വെള്ളം തീര്‍ന്നതോടെ ജലപീരങ്കി പ്രയോഗം അവസാനിച്ചു. എസ്‌ഐയുടെ ലാത്തിയും കാണാനില്ല.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. എത്ര പ്രകോപനമുണ്ടായാലും പ്രവര്‍ത്തകരോട് സംയമനം കൈവിടാതെയാണ് നിലവില്‍ പൊലീസ് നീക്കം. കൊച്ചിയില്‍ എംജി റോഡില്‍ ഡിസിസി പ്രസിഡന്റ് അടക്കം പ്രതിഷേധത്തിലുണ്ട്. സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ബാരിക്കേഡ് നിയന്ത്രിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്.
വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. കൊച്ചിയില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ജലപീരങ്കിയില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
അതേസമയം കരിങ്കൊടി കാണിക്കുന്നവര്‍ക്കെതിരെ വാഹനം നിര്‍ത്തി ലാത്തിപ്രയോഗം നടത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി അടിക്കരുതെന്നാണ് നിര്‍ദേശം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റോഡിലെ സുരക്ഷ ലോക്കല്‍ പൊലീസ് ഉറപ്പാക്കും. അസാധാരണ ഘട്ടത്തില്‍ മാത്രം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. കൊല്ലത്തെ പ്രതിഷേധത്തില്‍ ലോക്കല്‍ പൊലീസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. പൊലീസ് ആസ്ഥാനത്തു നിന്നുമാണ് നിര്‍ദ്ദേശം.