ഇൻഡോർ: കത്തിക്കുത്തിൽ പരിക്കേറ്റ ഭർത്താവ് സുഖം പ്രാപിക്കാതെ താൻ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ. ഞായറാഴ്ച രാത്രിയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ ശിവ്കിശോർ പ്രജാപതി എന്നയാളെ അക്രമികൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ബംഗംഗ മേഖലയിൽ താമസിക്കുന്ന ഇയാൾ കർവാ ചൗഥ് വ്രതമനുഷ്ഠിക്കുന്ന ഭാര്യ രജനി പ്രജാപതിക്ക് മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്നു.
ഭർത്താവിന്റെ രക്ഷയ്ക്കും ആയുസ്സിനും വേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ അനുഷ്ഠിക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗഥ്. ശിവ്കിശോർ പ്രജാപതി അയൽവാസികളായ രാകേഷ്, ജിതേന്ദ്ര എന്നിവരുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കത്തിക്കുണ്ടായതായുമായാണ് വിവരം.
ഇയാളുടെ വയറിലും നെഞ്ചിലും കഴുത്തിലും അഞ്ചോളം കുത്തേറ്റിട്ടുണ്ട്. പ്രതികളായ ജിതേന്ദ്രയ്ക്കും രാകേഷിനുമെതിരെ വധശ്രമത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിലുള്ള ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്നും അഡീഷണൽ ഡിസിപി റംസനേഹി മിശ്ര പറഞ്ഞു.