കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ. കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാണ് ആവശ്യം. നാളെ രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ആവശ്യ സർവീസുകളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ പറയുന്ന പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി പി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നുമാണ് സുരേന്ദ്രൻ കുറിച്ചത്.
ക്ഷണിക്കാതെ യാത്രയയപ്പിന് വന്നതിനും പരാതിക്കും പിന്നിൽ ഗൂഢാലോചന മണക്കുന്നുണ്ടെന്നും ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എഡിഎമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ടെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.
പി പി ദിവ്യക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ ആക്ഷേപ പരാമർശങ്ങൾ നടത്തിയത്. പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയിൽ ഉയർത്തിയത്. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീൻ ബാബു കണ്ണൂരിൽ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കരുതെന്നും പി പി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലർച്ചെയോടെ നവീൻ ബാബുവിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസും ബിജെപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പി പി ദിവ്യ രാജിവെച്ച് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും ബിജെപി, കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.