കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്. ചാവച്ചി മേഖലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ് പൊലീസ് തണ്ടർബോൾട്ട് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
മേഖലയിൽ മാവോയിസ്റ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണം നടത്തുകയായിരുന്നു വനംവകുപ്പ് വാച്ചർമാരുടെ സംഘം. അമ്പലപ്പാറയിലേക്ക് പോവുകയായിരുന്ന സംഘത്തിന് മുന്നിലേക്ക് മാവോയിസ്റ്റുകൾ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.
ഇതിനിടയിലാണ് മാവോയിസ്റ്റുകൾ ഇവർക്ക് നേരെ വെടിയിതിർക്കുന്നത്. വനപാലകർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. നിലവിൽ 3 വാച്ചർമാരും നരിക്കോട് ഫോറസ്റ്റ് സ്റ്റേഷനിലാണുള്ളത്. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും മാവോയിസ്റ്റുകൾ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.