തിരുവനന്തപുരം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹായവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തില്‍ അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണമെന്നും ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മുന്‍വിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷന്‍ പറയുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി എത്തിയത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യാത്രയയപ്പ് പരിപാടിയിൽ പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞതായും അരുണ്‍ കെ വിജയന്‍ മൊഴി നൽകിയെന്ന വിവരം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അരുൺ കെ വിജയനെതിരെ വിമർശനം ഉയർന്നത്. കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.