Kerala News

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷാവിധി.

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷാവിധി. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. കൊലപാതകം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ കണ്ണപുരം മേഖലയിലും, കോടതി പരിസരത്തും പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് കൊലക്കയര്‍ കിട്ടണമെന്ന് റിജിത്തിന്റെ അമ്മ ജാനകി പറഞ്ഞു.

17 വര്‍ഷം കാത്തിരുന്നിട്ടും റിജിത്തിന്റെ അച്ഛന് വിധി കേള്‍ക്കാന്‍ സാധിച്ചില്ലെന്നും തനിക്ക് നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. ഒരമ്മമാര്‍ക്കും ഈ ഗതി വരാന്‍ പാടില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കാരും കൊല്ലും കൊലയും നടത്താന്‍ പാടില്ല – അവര്‍ കൂട്ടിച്ചേര്‍ത്തു.

2005 ഒക്ടോബര്‍ മൂന്നിനായിയിരുന്നു കൊലപാതകം. ക്ഷേത്രത്തിന് സമീപം ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട കണ്ണപുരം ചുണ്ടയില്‍ ബിജെപി – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ തലേ ദിവസം ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തച്ചന്‍കണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് റിജിത്തിനെ അക്രമി സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണമത്തില്‍ റിജിത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.

 

Related Posts

Leave a Reply