Kerala News

കണ്ണൂരിൽ ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേർ വെന്ത് മരിച്ചു.

കണ്ണൂർ: കണ്ണൂരിൽ ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേർ വെന്ത് മരിച്ചു. പാറാൽ സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് മൈതാന പള്ളിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ഓട്ടോയുടെ സിഎൻജി ടാങ്കിൽ ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർപറഞ്ഞു.

കഴിഞ്ഞ രാത്രി 8:45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തലശ്ശേരിയിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന എം ഫോർ സിക്സ് എന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. പിന്നാലെ ഓട്ടോയിൽ നിന്ന് തീ ഉയർന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരാണ് വെന്ത് മരിച്ചത്. പാറാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അഭിലാഷ്, യാത്രക്കാരനായ സജീഷ് എന്നിവരാണ് മരിച്ചത്.

ഓട്ടോയിൽ നിന്ന് വലിയ രീതിയിൽ തീ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായെന്ന് സമീപത്തെ കടയുടമയായ മിദുലാജ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ സ്ഥലത്തെത്തി. മോട്ടോർ വാഹന വകുപ്പും അപകട സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകൾ തടിച്ചുകൂടിയതോടെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Related Posts

Leave a Reply