Kerala News Top News

കണ്ണീര്‍ക്കടലായി കുസാറ്റ്; വിദ്യാർത്ഥികളുടെ പൊതുദർശനം ആരംഭിച്ചു, വിതുമ്പലോടെ സഹപാഠികള്‍

കുസാറ്റ് ദുരന്തത്തിൽ മരിച്ച നാലു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കാമ്പസിൽ പൊതുദർശനത്തിന് വച്ചു. അപ്രതീക്ഷിത ദുരന്തത്തില്‍ വിടപറഞ്ഞ വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് കാമ്പസിൽ എത്തിച്ചത്. സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് ആദ്യം കൊണ്ടുവന്നത്. ഇതിനു പിന്നാലെ ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി കാമ്പസിലേക്ക് കൊണ്ടുവന്നു. അതേസമയം അപകടത്തിൽ മരിച്ച നാലാമത്തെയാളായ ആൽവിൻ ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ആന്‍ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്കാരം. കോളജ് ക്യാമ്പസിലെ പൊതു ദര്‍ശനത്തിന് ശേഷം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ആന്‍ റുഫ്തയുടെ മൃതദേഹം സൂക്ഷിക്കുക. സാറയുടെ സംസ്കാരം നാളെ രാവിലെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കുസാറ്റിലെ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related Posts

Leave a Reply