കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് പ്രതികളെ മൂന്ന് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കുറ്റകൃത്യത്തിൻ്റെ സ്വഭാവം അനുസരിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഭാസുരാംഗൻ ഭരണകക്ഷിയിൽ സ്വാധീനമുള്ള നേതാവാണ്. പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു ഇഡി ആവശ്യം. കസ്റ്റഡി അപേക്ഷയെ എതിർക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കണ്ടല ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കള്‍ വഴിവിട്ട വായ്പക്കായി ഇടപെട്ടുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തൽ. കണ്ടല ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്ത് കൊണ്ടുവന്നത്.
കരുവന്നൂര്‍ മാതൃകയിലാണ് തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ക്രമരഹിതമായി വായ്പകള്‍ നല്‍കി. നിക്ഷേപങ്ങള്‍ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാല്‍ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.