കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന എൻ. ഭാസുരാംഗൻ ആശുപത്രി വിട്ടു. ഭാസുരാംഗനെ വീണ്ടും ജയിലിലേക്ക് മാറ്റി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
ഭാസുരാംഗന്റെ ആരോഗ്യപ്രശ്നങ്ങൾ പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാസുരാംഗന് ശാരീരിക അവശതകളുണ്ടെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് എറണാകുളം ജയിലിൽവച്ചു ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പടെ പരിശോധിക്കുകയും ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.
കണ്ടല ബാങ്കിൽ എം.ഡി.എസ്. (മന്തിലി ഡെപ്പോസിറ്റ് സ്‌കീം) ചിട്ടികളിലൂടെ ക്രമക്കേട് നടത്തി തട്ടിയത് 51 കോടി രൂപയാണ്. ബിനാമി പേരുകളിൽ അക്കൗണ്ട് തുടങ്ങിയും ഈ തുക മാറ്റിയെടുത്തിട്ടുണ്ട്. ശ്രീജിത്, അജിത് കുമാർ എന്നിങ്ങനെ രണ്ട് ബിനാമി പേരുകളിൽ വിവിധ അക്കൗണ്ടുകൾ തുടങ്ങി കോടികൾ തട്ടിയെടുത്തതായാണ് കണ്ടെത്തൽ. പല പേരുകളിൽ തുടങ്ങുന്ന ചിട്ടികളുടെ പണം മാറിയെടുത്തിട്ടുള്ളത് രണ്ട് ബിനാമി അക്കൗണ്ടുകൾ വഴിയാണ്.
കണ്ടല ബാങ്കിൽ ഭാസുരാംഗന്റെ പേരിൽ രണ്ട് അക്കൗണ്ടുകളിലായി 11,90,861 രൂപയും 92,42,544 രൂപയും നിക്ഷേപമുണ്ട്. അഖിൽ ജിത്തിന്റെ പേരിൽ 1,50,48,564 രൂപയും, ഭാര്യ ജയകുമാരിയുടെ പേരിൽ 42,87,345 രൂപയും, മകൾ അഭിമയുടെ പേരിൽ 78,63,407 രൂപയുടേയും നിക്ഷേപമുണ്ട്.