Kerala News

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ദുരൂഹത; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ ഇന്നു പരിശോധന തുടരും.

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ദുരൂഹത തുടരുന്നു. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ ഇന്നു പരിശോധന തുടരും. രാവിലെ ഒമ്പതു മണിക്ക് വീടിനോടുള്ള തൊഴുത്ത് കുഴിച്ച് വീണ്ടും പരിശോധന നടത്തും. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ ഇന്ന് കസ്റ്റഡിയില്‍ എടുത്തേക്കും. പ്രതി നിതീഷ് പൊലീസിനോട് സഹകരിക്കുന്നില്ല. ആദ്യം പറഞ്ഞ മൊഴികള്‍ പ്രതി മറ്റി പറഞ്ഞു.

നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടെന്ന് പ്രതി പറയുന്ന വീടിന് സമീപമുള്ള തൊഴുത്തില്‍ പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയില്‍ മൃതദേഹം അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നില്ല.

അതേസമയം പ്രതി മൊഴിമാറ്റി. തൊഴുത്തിന് സമീപത്തല്ല മറ്റൊരു സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്ന് പ്രതി പറഞ്ഞു. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ആദ്യം പറഞ്ഞമൊഴിയില്‍ തന്നെ പൊലീസ് പരിശോധന നടത്തും.

കേസില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. മോഷണത്തിന് പിടികൂടിയ പ്രതികള്‍ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്.

Related Posts

Leave a Reply