ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തിൽ, താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല എന്ന് വിശദീകരണവുമായി എം എം മണി. സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതകളുമില്ല എന്നും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും മണി ചോദിച്ചു.
വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനാകാത്ത വനംവകുപ്പിനെതിരെ ജനങ്ങൾ സംഘടിച്ചുനിൽക്കണമെന്നായിരുന്നു എം എം മണിയുടെ പ്രതികരണം. ഗവണ്മെന്റ് തലത്തിൽ എല്ലാ ഇടപെടലുകളും നടത്തിക്കാൻ നമ്മൾ ഒരുമിച്ചുനിൽകണമെന്നും എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും മനുഷ്യരായി തന്നെ കാണണമെന്നും എം എം മണി പറഞ്ഞു
സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നുമായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം. കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.
സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നും തങ്ങള്‍ക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. തങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ലെന്നും എംഎല്‍എ പറഞ്ഞു.